ലോക് സഭാ തിരഞ്ഞെടുപ്പ് : ജില്ലയില്‍ ഇതുവരെ പിടിച്ചെടുത്തത് 16.86 കോടി രൂപയുടെ വസ്തുക്കള്‍, ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തിട്ടുള്ളതില്‍ തിരൂരങ്ങാടിയും

ലോക് സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്‌ക്വാഡുകളുടെയും പൊലീസ്, എക്‌സൈസ്, ഡി.ആര്‍.ഐ തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ മലപ്പുറം ജില്ലയില്‍ നിന്നും ഇതു വരെ പിടിച്ചെടുത്തത് 16.86 കോടി രൂപയുടെ വസ്തുക്കള്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കണക്കാണിത്.

മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 1. 53 കോടി രൂപ പണമായും 11.55 ലക്ഷം രൂപ വില വരുന്ന 1214.65 ലിറ്റര്‍ മദ്യവും, 3.80 കോടി രൂപ വിലവരുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള 22.47 കിലോഗ്രാം മയക്കുമരുന്നും 69. 93 ലക്ഷം രൂപ വില വരുന്ന മറ്റു വസ്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം 10.71 കോടി രൂപയുടെ 14.68 കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലും കൊണ്ടോട്ടി, മലപ്പുറം മണ്ഡലങ്ങളിലുമുള്ള ഡി. ആര്‍. ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) സ്‌ക്വാഡുകള്‍ അടക്കമുള്ളവയുടെ പരിശോധനകളിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്നും 5.15 കോടി രൂപ വില വരുന്ന 6.5 കിലോ സ്വര്‍ണവും മലപ്പുറം മണ്ഡലത്തില്‍ നിന്നും 5.55 കോടി രൂപ വില വരുന്ന 8.17 കിലോ സ്വര്‍ണവും പിടികൂടിയിട്ടുണ്ട്.

പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, കോട്ടയ്ക്കല്‍ മണ്ഡലങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തിട്ടുള്ളത്. പെരിന്തല്‍മണ്ണയില്‍ നിന്നും 50.24 ലക്ഷം രൂപയും, തിരൂരങ്ങാടിയില്‍ നിന്ന് 45.42 ലക്ഷവും കോട്ടയ്ക്കലില്‍ നിന്ന് 38.88 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

നിലമ്പൂര്‍, പെരിന്തല്‍മണ്ണ ,വണ്ടൂര്‍ മണ്ഡലങ്ങളില്‍ നിന്നും യഥാക്രമം 386, 335, 106 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തവയില്‍ പെടുന്നു. പൊന്നാനി, മഞ്ചേരി, തവനൂര്‍ മണ്ഡലങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് പിടികൂടിയത്.

പിസ്റ്റള്‍, ഇന്നോവ കാര്‍, നാലു ഡ്രോണ്‍ ക്യാമറകള്‍ എന്നിവയും പിടിച്ചെടുത്ത വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവുകളുടെ നിരീക്ഷണം, വോട്ടര്‍മാരെ പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിവ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് അറിയുകയും തടയുകയും ചെയ്യുക എന്നീ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി ജില്ലയില്‍ ഓരോ നിയമസഭാ മണ്ഡലത്തിലും ആറു വീതം സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം, മൂന്ന് വീതം ഫ്ളെയിങ് സ്‌ക്വാഡ്, രണ്ടു വീതം വീഡിയോ സര്‍വെയലന്‍സ് ടീം, ഓരോ വീഡിയോ വ്യൂയിങ് ടീം, എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സൈസ് സംഘം ഇന്ന് ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ ഏറനാട്, പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍ നിന്നും നാലു ലിറ്റര്‍ വിദേശ മദ്യം വീതവും മഞ്ചേരിയില്‍ നിന്നും 3.5 ലിറ്റര്‍ വിദേശ മദ്യവും പിടികൂടിയിട്ടുണ്ട്.

error: Content is protected !!