Friday, June 26

കരുണ കാൻസർ കെയർ സൊസൈറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : കരുണ കാൻസർ കെയർ സൊസൈറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. സംസ്ഥാന വിസ്ഡം ഓർഗനൈസേഷൻ വൈസ് ചെയർമാൻ മൗലവി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വിസ്ഡം ഓർഗനൈസേഷൻ സെക്രട്ടറി നബീൽ രണ്ടത്താണി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി ചെയർമാനായി ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ (MBBS, D.Ortho, MS Ortho), സെക്രട്ടറിയായി പി. എം. ഷാഹുൽ ഹമീദ് (ജനതാ വെഞ്ചേഴ്സ് ചെയർമാൻ), ട്രഷററായി വി. വി. സുലൈമാൻ (തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

കരുണ കാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി കാൻസർ ചികിത്സയ്ക്കു പുറമെ ഓർത്തോപീഡിക്സ്, സൈക്യാട്രി, ജനറൽ മെഡിസിൻ, ഓങ്കോളജി, നെഫ്രോളജി തുടങ്ങി വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലൂടെ സമഗ്ര ആരോഗ്യ സേവനങ്ങൾ നൽകിവരുന്നു. ആധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിക്കൊണ്ട് പ്രദേശത്തെ ആരോഗ്യരംഗത്ത് ശ്രദ്ധേയമായ ഇടം നേടിയ സ്ഥാപനമാണിത്.

പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി ചികിത്സാ സേവനങ്ങൾ സൗജന്യമായും കുറഞ്ഞ നിരക്കിലും ആശുപത്രിയിൽ ലഭ്യമാക്കിവരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ചികിത്സാ സഹായ പദ്ധതികൾ, മരുന്ന് വിതരണ പദ്ധതികൾ, വിവിധ ഇളവുകൾ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയും സൊസൈറ്റി നടപ്പിലാക്കുന്നുണ്ട്.

ആശുപത്രിയുടെ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും ആധുനിക ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പ്രതിജ്ഞാബദ്ധരാണെന്ന് ജനറൽ ബോഡി യോഗം വിലയിരുത്തി.

മറ്റ് ഭാരവാഹികളായി വൈസ് ചെയർമാൻമാരായി മൗലവി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ , ഡോ. എം. വി. സൈദലവി, ഡോ. മുഹമ്മദ് സലീം, മുജീബ് ഒട്ടുമ്മൽ എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി റഹ്മത്തുള്ള എം. ടി., അഹ്മദ് ബഷീർ, ഡോ. ഫസലുറഹ്മാൻ, ഡോ. അബ്ദുൽ മാലിക്ക് എന്നിവരെയും തെരഞ്ഞെടുത്തു.

error: Content is protected !!