Thursday, August 13

കോഹിനൂര്‍ – കരിപ്പൂര്‍ എലിവേറ്റഡ് ഹൈവേ പദ്ധതി: നടപടികള്‍ വേഗത്തിലാക്കും

ദേശീയപാത 66-ലെ കോഹിനൂറിനെയും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ച് കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനവും അനുബന്ധ നടപടികളും വേഗത്തിലാക്കാന്‍ തീരുമാനം. പദ്ധതിയുടെ പുരോഗതി ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറില്‍ വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എ ടി. വി. ഇബ്രാഹിം, ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ. നിര്‍ദ്ദേശം നല്‍കി.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗതാഗതം വളരെ സുഗമമാകുകയും മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയും ചെയ്യും. സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ ഒരു കോടി രൂപ ഉപയോഗിച്ചുള്ള സാധ്യതാ പഠനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്.

യോഗത്തില്‍ പി.ഡബ്ലിയു.ഡി.ഉദ്യോഗസ്ഥര്‍, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, മറ്റ് ഉദ്യോഗസഥര്‍ എന്നിവര്‍ സംബന്ധിച്ചു.

ചേളാരി ഫയര്‍‌സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ഥ്യമാകും

സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ചേളാരി ഫയര്‍‌സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ടി.വി.ഇബ്രാഹിം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പള്ളിക്കല്‍ വില്ലേജില്‍ കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് ഫയര്‍ സ്റ്റേഷന്‍ നിര്‍മിക്കുക. തീരദേശ മേഖലയും പ്രധാന ദേശീയപാതയും ഉള്‍പ്പെടുന്ന വള്ളിക്കുന്ന് മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലും അടിയന്തര ഘട്ടങ്ങളില്‍ വേഗത്തില്‍ സേവനമെത്തിക്കാന്‍ ചേളാരിയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. ആവശ്യമായ ഉദ്യോഗസഥര്‍, ആധുനിക രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനായി വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

യോഗത്തില്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍, യൂണിവേഴ്‌സിറ്റി എന്‍ജിനീയര്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!