ഹജ്ജ് ക്യാമ്പ് 2025 – ഒരുക്കങ്ങള്‍ പൂര്‍ണ്ണം ; തീര്‍ത്ഥാടകര്‍ വെള്ളിയാഴ്ച മുതല്‍ എത്തിത്തുടങ്ങും : ആദ്യ വിമാനം കരിപ്പൂരില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെ 1.10 ന്
കരിപ്പൂര്‍ : ദേശ, ഭാഷ, വര്‍ണ്ണങ്ങള്‍ക്കപ്പുറം ഒരേ മനസ്സും, ഒരേ മന്ത്രവുമായി വിശുദ്ധ ഗേഹം ലക്ഷ്യമാക്കി നീങ്ങുന്ന ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി ഹജ്ജ് ക്യാമ്പുകള്‍. തീര്‍ത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും പ്രയാസ രഹിതമായി യാത്രായാക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കങ്ങളും കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ പൂര്‍ത്തിയായി. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ ഇരു കെട്ടിടങ്ങളും പൂര്‍ണ്ണ സജ്ജമായിട്ടുണ്ട്. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹജ്ജ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചത് മുതല്‍ തീര്‍ത്ഥാടകരുടെ പുറപ്പെടല്‍ വരെയുള്ള വിവിധ തലങ്ങളിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സുഗമവും തീര്‍ത്ഥാടക സൗഹൃദവുമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടേയും നേതൃത്വത്തില്‍ സമയബന്ധിതമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
...